നടി ജയശ്രീയെയും മാളവിക നായരെയും പലർക്കും മാറിപ്പോകാറുണ്ട്. ഇപ്പോഴിതാ തങ്ങൾ ചെയ്ത സിനിമകളും കഥാപാത്രങ്ങളും ആളുകൾ മാറിമാറി ചോദിക്കുന്നതിനും അഭിനന്ദനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വച്ചുമാറുന്നതിനും ഒടുവിൽ കൃത്യമായ വ്യക്തത വരുത്തിയിരിക്കുകയാണ് നടി ജയശ്രീ ശിവദാസ്.
‘ഞങ്ങൾ ഒന്നല്ല, രണ്ടാണ്’ എന്ന തുറന്നുപറച്ചിലോടെ, താൻ അഭിനയിച്ച സിനിമകളെക്കുറിച്ചും പുതിയ ചിത്രമായ 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' എന്ന സിനിമയിലെ വേഷത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ താരം വിശദീകരണ വിഡിയോ പങ്കുവച്ചു.
ജയശ്രീ ശിവദാസിന്റെ വാക്കുകൾ
‘കറുത്ത പക്ഷികളിലെ കുട്ടിയാണോ ? അല്ല. ‘ആക്ഷൻ ഹീറോ ബിജു’ , ‘ഭ്രമരം’?... അതെ, ‘ജോർജേട്ടൻസ് പൂരം’ ? അല്ല. ഇതെല്ലാം ഞാൻ വര്ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ്, എല്ലാവർക്കും മാറിപ്പോകും. അത് മാളവിക ഇത് ജയശ്രീ. ഞങ്ങൾ ഒന്നല്ല, രണ്ടാണ്.
കുറേ കാലങ്ങളായി ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കഥാപത്രങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും മാറി ചോദിക്കാറുണ്ട്. ഇപ്പോഴും മാറി ചോദിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് ഒരു ക്ലാരിഫിക്കേഷൻ വിഡിയോ ആണിത്.